ഭൂവല്‍ക്കത്തില്‍ ഒരു കുഞ്ഞുറങ്ങുന്നുണ്ട് ...

ഭൂവല്‍ക്കത്തില്‍ ഒരു കുഞ്ഞുറങ്ങുന്നുണ്ട്.,
പിറക്കാനാവാതെ., 
യന്ത്ര കൈകളോട് കലഹിച്ചും.
വൃക്ഷ ധമനികളാല്‍ കെട്ടു പിണഞ്ഞും.

എനിക്കൊരു ചിതല്‍ പുറ്റാകണം. 
പാമ്പുകളും പഴുതാരകളും,  
ചീവിടുകളും  കറുത്ത എറുംബുകളും, 
ഇഴയും   പുതപ്പാകണം. 

ചിതല്‍ പാദങ്ങള്‍ നുഴഞ്ഞു വളര്‍ന്നു,
പിറക്കാ പൈതലിന്‍  പൊക്കിള്‍ കൊടിയാവണം.

ഗൌളി എന്നാല്‍ സൂചകമാകുന്നു.  
മുറിഞ്ഞ  വാല്‍  ചരിത്രമാകുന്നു., 
വരി വറ്റിയ   നിസ്സഹായ കാവ്യവും.  

മണ്‍ മറഞ്ഞ മരങ്ങളുടെ രഹസ്യ യോഗങ്ങള്‍,  
രാത്രികളായി  പെയതു തുടങ്ങുമ്പോള്‍ ,
ശ്രാവസ്തിയില്‍ നിന്നൊരാല്‍മരം, 
നെഞിന്‍ കൂട് തകര്‍ത്ത് കയറി വരും.

ചിറകു വിയര്‍ത്ത ഇലകള്‍,
കീറിയ മണ്‍ ഭിത്തികളിലൂടെ 
ചുബനത്തിലാഴുമ്പോള്‍,
കുഞ്ഞ്‌ തിരിച്ചു പോകാന്‍ തുടങ്ങും ..

രൂപങ്ങളായി മരിച്ച, കാഴ്ചകള്‍  നഗ്നരാവുമ്പോള്‍,
വാക്കെന്ന  ഉറയൂരി ബോധമിഴഞ്ഞടുക്കുമ്പോള്‍,
പേരിടാത്തൊരു വിരല്‍  പഴുത്ത മണ്ണില്‍-
അവസാനമായി കുറിച്ച് വെക്കും.

ഇനിയൊരു വേരിലൂടെയാവാം  കടല്‍  ഉപ്പാകുന്നത്.
അകം തിളപ്പിച്ച മിഴിനീരൊരു സത്യമാകുന്നവരെ..
ആ കനലൂറ്റിയൊരു ജീവനാകുന്നത് വരെ .