പലായന മൊഴുക്കിയ കാൻവാസുകൾ
വസന്തത്തെ വരച്ചെടുക്കുന്നു.
ഇന്നലെ പുകഞ്ഞു തീർന്ന
നിറങ്ങളുടെ തലയോട്ടിയിൽ
പ്രണയത്തിന്റെ ചരിത്രം കുളിച്ചു കയറുന്നു.
ഓർമകളുടെ നിലവറകൾ
വർത്തമാനത്തിന്റെ റാന്തലിനോട് വഴി ചോദിക്കുന്നു.
ഉടുത്താലുമുറക്കാത്ത ശവക്കച്ചകൾ,
തെളിയാത്ത ലിപികളെ ആസക്തിയുടെ
പേനയിൽ നിറച്ചു വെക്കുന്നു.
അനിശ്ചിതാവസ്ഥയിൽ പഴുപ്പിച്ചെടുത്ത ഔഷധങ്ങളിൽ
നിസ്സഹായതയുടെ ഫ്രെയിമുകൾ തളിർത്തു നിൽക്കുന്നു.
മണൽ സഞ്ചാരങ്ങൾ പിറന്നത്
നിന്നിലാണെന്നും,
ജീവന്റെ മിനിയേച്ചർ
തീ കുടിച്ച നീയാണെന്നും,
കൈവെള്ളയിൽ ഞാൻ വായിച്ചെടുക്കുന്നു.
എന്നിട്ടും തിരമാലകളുറങ്ങാത്ത പിന്ടവറിലെ പത്താം നമ്പർ മുറിയിൽ,
പ്രാർത്ഥനകളുടെ കുരുക്കിൽ വീണ അപൂർണ രൂപങ്ങൾ
എന്റെ അർത്ഥമില്ലാത്ത ഈണങ്ങളോട് സംവാദത്തിനു തയ്യാറെടുക്കുന്നു.
ഒടുവിൽ
ചിതലെടുത്ത നീയും കാലം പിഴച്ച ഞാനും,
നമ്മുടെ ചിത്രങ്ങളുടെ അതിർത്തികളെ പിന്നിലാക്കുന്നു.