ദര്‍പ്പണം

ഞാന്‍ തിരസ്കൃതന്‍
ഉരുകുന്ന അഗ്നിപര്‍വതത്തിന്റെ ഹൃദയമുള്ളവന്‍
പ്രണയത്തിന്റെ പരിച അണിഞ്ഞവന്‍
സംഗീതത്തെ ശ്വാസമാക്കിയവന്‍ ............

പലതരം കാൻവാസുകൾ....

പലായന മൊഴുക്കിയ കാൻവാസുകൾ 
വസന്തത്തെ വരച്ചെടുക്കുന്നു.
ഇന്നലെ പുകഞ്ഞു തീർന്ന 
നിറങ്ങളുടെ തലയോട്ടിയിൽ 
പ്രണയത്തിന്റെ ചരിത്രം കുളിച്ചു കയറുന്നു.

 ഓർമകളുടെ നിലവറകൾ 
വർത്തമാനത്തിന്റെ റാന്തലിനോട് വഴി ചോദിക്കുന്നു.
ഉടുത്താലുമുറക്കാത്ത ശവക്കച്ചകൾ, 
 തെളിയാത്ത ലിപികളെ ആസക്തിയുടെ
പേനയിൽ നിറച്ചു വെക്കുന്നു.
അനിശ്ചിതാവസ്ഥയിൽ പഴുപ്പിച്ചെടുത്ത ഔഷധങ്ങളിൽ
നിസ്സഹായതയുടെ ഫ്രെയിമുകൾ തളിർത്തു നിൽക്കുന്നു.

മണൽ സഞ്ചാരങ്ങൾ പിറന്നത് 
നിന്നിലാണെന്നും,
ജീവന്റെ മിനിയേച്ചർ
തീ കുടിച്ച നീയാണെന്നും,
കൈവെള്ളയിൽ ഞാൻ വായിച്ചെടുക്കുന്നു.

എന്നിട്ടും തിരമാലകളുറങ്ങാത്ത പിന്ടവറിലെ പത്താം നമ്പർ മുറിയിൽ,
പ്രാർത്ഥനകളുടെ കുരുക്കിൽ വീണ അപൂർണ രൂപങ്ങൾ
എന്റെ അർത്ഥമില്ലാത്ത ഈണങ്ങളോട് സംവാദത്തിനു തയ്യാറെടുക്കുന്നു.

 ഒടുവിൽ 
ചിതലെടുത്ത നീയും കാലം പിഴച്ച ഞാനും,
നമ്മുടെ ചിത്രങ്ങളുടെ അതിർത്തികളെ പിന്നിലാക്കുന്നു.

ഞാനും നീയുമല്ല...

ഒരേ രേഖയിലൂടൊരുവൾ 
നടക്കാനിറങ്ങുന്നു.
ഓരോ ചുവടിലും, 
അവൾ അക്ഷാംശങ്ങളെ, 
മായ്ചു കളയുന്നു.

നീരൊഴുക്കുകൾ  രാത്രികളെ  വരയ്ച്ചുതുടങ്ങുന്നു 
അവൾ സൂര്യന്റെ ചിറകുകളോട്‌,
കവിതകളെ  ചേർത്തു തുന്നുന്നു.

അടഞ്ഞ വാതിലിനെ തുടലിട്ടൊരു നായ്‌
നക്കിയെടുക്കുമ്പൊൾ
പ്രപഞ്ചത്തിന്റെ നടപ്പാതയിൽ മൗനത്തെ, 
അവൾ മുളപ്പിച്ചെടുക്കുന്നു...

കാട്ടുമരാളങ്ങൾ കുടിച്ചു തീർത്ത, 
മഴപാതകൾ 'നീ' എന്നു ഞാൻ .

വിശപ്പ്‌ തുളച്ച തൊണ്ടയിലെ, 
പിറക്കാത്ത ഈണം ഞാനെന്നു നീ..

അങ്ങിനെ നീയും ഞാനും, 
വഴിയിറങ്ങി, വെയിലിറങ്ങി,
കാടിറങ്ങി, കടലിറങ്ങി, 
കനവിറങ്ങി കണ്ണീരിറങ്ങി,
കയർത്തു, വിയർത്ത്‌, 
മുന്നേറി, പിന്നേറി......

അതും ഇതുമല്ല, അവനും ഇവളുമല്ല...
'ഞാൻ' മാത്രമെന്ന്...
കൊബൊടിഞ്ഞു, 
കൂടു പിളർന്നു,
താഴെ തളർന്ന്  ...
മൃതപ്രായയായ ഒരു അടയ്ക്ക്കാ കുരുവി.....

ആത്മഹത്യ കുറിപ്പല്ല..

പിറകില്‍ പാതകള്‍ മാഞ്ഞു, 
മുന്നില്‍ ഒരു കാട് പിറക്കുന്നു. 
ഞാനൊരു മരമായി മാറുന്നു 
മൂത്ത കൊമ്പില്‍ തണല്‍ആയി
കയറൊരുങ്ങുന്നു.

അങ്ങിനെ
ഇലകളും പക്ഷികളും  ഞാനും
ഏകകമാകുന്നിടത്തു
ശ്വാസമൊരുഅശ്ലീലമാകുന്നു. ഈ ഞാരിലൂടെ വലിഞ്ഞു കയറണം 
വ്യസനങ്ങൾ വിഴുങ്ങിയ വിത്തിലേക്ക്.

അല്ല ഇതെന്റെ ആത്മഹത്യ കുറിപ്പല്ല..
ഞാൻ തന്നെയാണ് കാറ്റും മഴയും- 
എന്ന ചീകി ഒതുക്കല്ലാണ്... 

ഐ സി യു..

വാതിലിന് ഇരുപുറവും വല്ലാത്ത നിശബ്ദ്ധയാണ്‌,
ഒന്നു മരണത്തോടുള്ള ശത്രുതയും,
മറ്റൊന്നു ജീവിതത്തോടുള്ള ആർത്തിയും..

ഒരോ നിമിഷവും വിലപെട്ടതാണ്

ഒരു ഉപ്പു തുള്ളിയോളം അളവിൽ പിഴച്ചാൽ
കടലോളം ശൂന്യതയാണ്‌...

പുറത്തുള്ളവർ അനുഭവിക്കുന്നത്‌,

അപ്പുറത്തെ‌ സ്നേഹത്തിന്റെ  നാഡീ ചലനങ്ങൾ ആണ്‌.

അകത്തുള്ളവർക്കു  ഭൂതകാലത്തിലെകണക്കെടുപ്പുകൾ-
ശ്വാസങ്ങളുടെ നിമ്നൊനത ചലനം കൊണ്ടു ആവർത്തിച്ചെഴുതിയെടുക്കാനുള്ള വ്യഗ്രതയിലും.

ബാക്കിയായ പ്രണയത്തിന്റെ ഇരുട്ടെഴുത്തുകൾ .
കൊടുത്താലും തീരാത്ത ബാദ്ധ്യതകൾ 

ആവർത്തിച്ചെഴുതിയിട്ടും മാഞ്ഞുപോകുന്ന- 

കടമകളുടെ ചില്ലക്ഷരങ്ങൾ.
ആസക്തിയുടെ സൂര്യൻ  എത്ര ഉദിച്ചിട്ടും-
വെളിച്ചെപെടാത്ത ഹൃദയത്തിന്റെ പരിദേവനങ്ങൾ.

തിരിച്ചെടുക്കാനാവാത്ത പാഴ്‌വാക്കുകളുടെ
ഓർത്തെടുക്കലുകൾ 
നീണ്ട നാളത്തെ ശേഷിപ്പ്‌ കുറ്റബോധത്തിന്റെ ഗർത്തങ്ങൾ
വീണ്ടുമൊരു പൊളിച്ചെഴുത്തിന്നു 
സന്ധി ഭാഷണം എന്ന  നിസ്സഹായതകൾ

ഐ സി യു വെറുമൊരു ആതുരാലയ വരാന്തയല്ല,
ജീവിതത്തിന്റെ അനിവാര്യമായ വായന മുറികൾ കൂടിയാണ്‌.

തുവാലയിലെ അപൂർണ ചിത്രമായി....

മരിച്ച  ഇളയപ്പന്റെ  തളർന്ന ശബ്ദം,
നിദ്രയുടെ  തിരശ്ചീന കേബിളിലൂടെ ഇഴഞ്ഞു വരുന്നു 

നിനക്കായ്  കാത്തു വെച്ച മേലങ്കി,
കൈ മാറാതെ ഞാൻ മടങ്ങുന്നു.

ഉഷ്ണ  മിടിപ്പുകൾ വിട്ടു പോയ ദേഹം,
നൂറ്റാണ്ടുകളുടെ അസ്വസ്ഥതകളെ പ്രാപിക്കുന്നു. 

വിറയ്ക്കുന്ന എന്റെ  ഉടലിനെ ദ്രവിച്ച തറികളുടെ,
ചരിത്രത്തിൽ നിന്ന്  അറുത്തു  മാറ്റുക. 
പൊള്ളുന്ന വഴികളും പഴുത്ത  പാടുകളും യാത്ര അസാദ്ധ്യമാക്കുന്നു. 

ഉരിയാടാനൊന്നുമില്ലതെ  തലച്ചോറിലെ-
തിരമാലകൾ  പിൻ വാങ്ങുന്നത്    നീയറിയുന്നുവോ...

അകപെട്ട   അരക്കില്ലത്തില്‍-     
എന്റെ   നിഴൽ   കയർത്ത്  ക്ഷീണിതനാവുന്നു.   
ആർത്തിയോടെ വിഴുങ്ങിയ അവജ്ഞയും,  
പാതകൾ  ഉരുകിയോലിക്കുന്ന  കാലടികളും , 
ചവർക്കുന്ന കരുണയും  ബാക്കി.. 

എവിടെയായിരുന്നു  അന്നൊക്കെ  നീ....

രക്ത ഗന്ധത്താലും  നിഗൂഡമായ രഹസ്യങ്ങളാലും,
ഈ വിലാസം  എനിക്ക്   ഭാരമായിരുന്നു... 
തുള്ളി നേര് പൊടിയാതെ   മുറിചെടുത്ത  വിരലുകൾ,
അടഞ്ഞു പോയ ഇടവഴിയിലേക്ക്  വീഴുന്നു

ഫ്രീസറിൽ കുതിർന്ന  തൊലിയിൽ നുള്ളി  ഇളയപ്പൻ വീണ്ടും...

ഓര്‍ക്കുന്നുവോ  നീ. 
അലസമായ മുടി യിഴകളുമായി,  
മങ്ങിയ എന്റെ    കാഴ്ചകളിലേക്ക് ,,, 
പ്രതീക്ഷകളോടെ നീ  വഴുതി വീണത്‌  . 

പ്രമാണങ്ങളുടെ വരാന്തയിൽ ബലിയായൊതിങ്ങിയപ്പോൾ....
ചീർത്ത  സെക്കന്റുകളാൽ    എന്റെ  ബോധം,
ഈ  അപഥ രൂപാന്തരത്തെ  മറന്നു പോയിരിക്കുന്നു..

അത് കൊണ്ട് ഇനി മേൽ  നീയാകുന്നു  ഇളയപ്പൻ  ...  
നിന്റെ ഓർമ   എന്റെ മറവിയാകുന്നു .

ഇരയാവുക...
അവശേഷിച    മേലങ്കി  പറിച്ചെടുക്കക.. 
പേരില്ലാത്ത  നിറമായി   എന്നെ മറന്നേക്കുക.

പക്ഷെ 
എത്ര മടക്കിയിട്ടും മടങ്ങാതെ     ഇളയപ്പനും.. ....
 തുവാലയിലെ  അപൂർണ  ചിത്രമായി   ഞാനും.