തുവാലയിലെ അപൂർണ ചിത്രമായി....

മരിച്ച  ഇളയപ്പന്റെ  തളർന്ന ശബ്ദം,
നിദ്രയുടെ  തിരശ്ചീന കേബിളിലൂടെ ഇഴഞ്ഞു വരുന്നു 

നിനക്കായ്  കാത്തു വെച്ച മേലങ്കി,
കൈ മാറാതെ ഞാൻ മടങ്ങുന്നു.

ഉഷ്ണ  മിടിപ്പുകൾ വിട്ടു പോയ ദേഹം,
നൂറ്റാണ്ടുകളുടെ അസ്വസ്ഥതകളെ പ്രാപിക്കുന്നു. 

വിറയ്ക്കുന്ന എന്റെ  ഉടലിനെ ദ്രവിച്ച തറികളുടെ,
ചരിത്രത്തിൽ നിന്ന്  അറുത്തു  മാറ്റുക. 
പൊള്ളുന്ന വഴികളും പഴുത്ത  പാടുകളും യാത്ര അസാദ്ധ്യമാക്കുന്നു. 

ഉരിയാടാനൊന്നുമില്ലതെ  തലച്ചോറിലെ-
തിരമാലകൾ  പിൻ വാങ്ങുന്നത്    നീയറിയുന്നുവോ...

അകപെട്ട   അരക്കില്ലത്തില്‍-     
എന്റെ   നിഴൽ   കയർത്ത്  ക്ഷീണിതനാവുന്നു.   
ആർത്തിയോടെ വിഴുങ്ങിയ അവജ്ഞയും,  
പാതകൾ  ഉരുകിയോലിക്കുന്ന  കാലടികളും , 
ചവർക്കുന്ന കരുണയും  ബാക്കി.. 

എവിടെയായിരുന്നു  അന്നൊക്കെ  നീ....

രക്ത ഗന്ധത്താലും  നിഗൂഡമായ രഹസ്യങ്ങളാലും,
ഈ വിലാസം  എനിക്ക്   ഭാരമായിരുന്നു... 
തുള്ളി നേര് പൊടിയാതെ   മുറിചെടുത്ത  വിരലുകൾ,
അടഞ്ഞു പോയ ഇടവഴിയിലേക്ക്  വീഴുന്നു

ഫ്രീസറിൽ കുതിർന്ന  തൊലിയിൽ നുള്ളി  ഇളയപ്പൻ വീണ്ടും...

ഓര്‍ക്കുന്നുവോ  നീ. 
അലസമായ മുടി യിഴകളുമായി,  
മങ്ങിയ എന്റെ    കാഴ്ചകളിലേക്ക് ,,, 
പ്രതീക്ഷകളോടെ നീ  വഴുതി വീണത്‌  . 

പ്രമാണങ്ങളുടെ വരാന്തയിൽ ബലിയായൊതിങ്ങിയപ്പോൾ....
ചീർത്ത  സെക്കന്റുകളാൽ    എന്റെ  ബോധം,
ഈ  അപഥ രൂപാന്തരത്തെ  മറന്നു പോയിരിക്കുന്നു..

അത് കൊണ്ട് ഇനി മേൽ  നീയാകുന്നു  ഇളയപ്പൻ  ...  
നിന്റെ ഓർമ   എന്റെ മറവിയാകുന്നു .

ഇരയാവുക...
അവശേഷിച    മേലങ്കി  പറിച്ചെടുക്കക.. 
പേരില്ലാത്ത  നിറമായി   എന്നെ മറന്നേക്കുക.

പക്ഷെ 
എത്ര മടക്കിയിട്ടും മടങ്ങാതെ     ഇളയപ്പനും.. ....
 തുവാലയിലെ  അപൂർണ  ചിത്രമായി   ഞാനും.