ദര്‍പ്പണം

ഞാന്‍ തിരസ്കൃതന്‍
ഉരുകുന്ന അഗ്നിപര്‍വതത്തിന്റെ ഹൃദയമുള്ളവന്‍
പ്രണയത്തിന്റെ പരിച അണിഞ്ഞവന്‍
സംഗീതത്തെ ശ്വാസമാക്കിയവന്‍ ............

അവരുടെ കൈകളില്‍ കഴുകന്മാര്‍...


നൃത്താലയങ്ങള്‍ വിഴുങ്ങിയ "ദേരയുടെ" 
തെരുവുകളില്‍,
ഉറക്കമില്ലാത്ത ഒരു രാത്രി..

തെളിഞ്ഞു മിന്നിയിട്ടും നിഴലായി,

ഒരു താരകം.

വേണ്ടപെട്ടവരാല്‍ ഇറക്കിവിടപെട്ട കാലടികള്‍,

വര്‍ണ്ണങ്ങളില്‍,
മുങ്ങിമരിച്ച വിരലുകള്‍,
"അല്‍ ഫഹീദിയുടെ"
 മഞ്ഞ നിറമുള്ള-
മണ്‍ കനവുകളിലേക്ക്-
 ചൂണ്ടുന്നു.


"അല്‍ ഹുറിയില്‍,
"താരാട്ടിയ-ലൂത്തയുടെ-
പിന്മുറക്കാരി.

കനവുകള്‍ വാരിയെറിഞ്ഞ,
ഇരുട്ടുമുറികളില്‍-
രാഗങ്ങള്‍ക്ക് ഇടംനല്കി.

കാറ്റു കൂടുകൂട്ടുന്ന "ആരിഷിന്റെ" 
ഉമ്മറപ്പടികളില്‍
ഉറങ്ങിയെണീട്ടു കൊണ്ടിരുന്നു .
എഴുതപ്പെട്ടതെല്ലാം,
വിട്ടിറങ്ങിയ കാന്‍വാസുകള്‍, 
പാതകള്‍ക്ക് പിറവി നല്‍കിയ
"ബഡോയിനുകളുടെ" ലോകത്തിലേക്ക്‌ 
വളര്‍ത്തി.

ഒട്ടക മുതുകില്‍ കുടി നീരുമായി വരേണ്ട-
കടല്‍ രൂപം ,
പതിയെ വിഴുങ്ങാന്‍ തുടങ്ങുന്നതിനു മുന്‍പ് 
ചോദിച്ചു;

പടിഞ്ഞാറന്‍ യന്ത്ര കൈകള്‍ക്ക്,
"മക്‍തുമുകള്‍" വില്‍പ്പനക്ക് നിരത്തിയ,
ഇനിയും ചുംബിച്ചു തീരാത്ത-
ഇറാനിയന്‍ കാറ്റിഴയുന്ന തരിമണല്‍,
കാടുകളെ തുളച്ച്,
പ്രണയിച്ചാലും തീരാത്ത- 
നിലാവിനെ ഊറ്റി എടുത്ത,
"ബനിയാസുകളുടെ"കിടപ്പറകളുടെ 
കാവല്കാരനാവാന്‍-
 നിന്റെ നിറമുള്ളവരൊ..?

ഒറ്റുകാരുടെ മക്കള്‍ക്ക്‌ "ബുദ്ധന്റെ" 
പിന്മുറക്കാര്‍ പണികഴിപ്പിച്ചു
പെറ്റു കൂട്ടിയവളുടെ മാറിന് തന്നെ
വിലമൊഴിയുന്ന വാണിഭശാലകള്‍ ...

ഫാത്തിമ ..

നിന്റെ മക്കള്‍ അകമഴിഞ്ഞ പ്രാവുകള്‍..
അവരുടെ കൈകളില്‍ കഴുകന്മാര്‍...

1 comment:

Basheer Vellarakad said...

പെറ്റു കൂട്ടിയവളുടെ മാറിന് തന്നെ
വിലമൊഴിയുന്ന വാണിഭശാലകള്‍