ചോരയൊലിച്ചു കിതച്ചോടുന്നത്....
ചോരയൊലിച്ചു കിതച്ചോടുന്നത്,


ചെങ്കുത്തായ വിസ്മൃതികളിലേക്കാണ്.


തിരിഞ്ഞോടുന്ന-
നിസ്സഹായതക്ക്,
എകാന്ത വിലാപങ്ങള്‍-
കുഴിയെടുക്കുന്നു.

ഇരുള്‍ മുളപ്പിച്ച കാടും,
കണ്ണീര്‍ വളര്‍ത്തിയ,
കടലും അങ്ങിനെ അനാഥമാകുന്നു.

വിത്തിലൊളിപ്പിച്ച കലാപത്തെ,
വ്യഥ വിഴുങ്ങിയ സെല്ലുകള്‍ കൊന്നു കൂട്ടുന്നു.

അലച്ചിലുകള്‍ പെറ്റ പരിദേവനങ്ങള്‍,
പാതി നിലച്ച തലച്ചോറില്‍ വാര്‍ന്നു മരിക്കുന്നു.

കനവു വിയര്‍ത്തു ആലയിലുരുക്കിയ ഗാനം,
കനപ്പൂറ്റിയ പെന്റുലങ്ങളുടെ കൈയ്യില്‍,
ഞെരിഞ്ഞു തീരുന്നു.

ഒടുവില്‍,

ജീവന്റെ ബയോപ്സി റിപ്പോര്‍ട്ടില്‍,
ഒരു നിഴല്‍
ചാറ്റല്‍ മഴപോലുമില്ലാതെ ചുട്ടു പഴുക്കുന്നു..