ദേശാടകപാട്ട്..


വിശാലമായ ഭൌതീക സംഞജയില്‍., 
ഒരു ബാഷ്പ കണത്തെയാണ് 
നീ അഭിമുഖീകരിക്കുന്നത്. 

തുള്ളിക്ക്‌, 
അട്ടഹാസത്തോടെ കെട്ടിപുണരണം ..
മൃദുവായി ചുംബിക്കണം .
സഹിഷ്ണുതയാര്‍ന്ന ഗര്‍ജ്ജനമായിമാറണം . 
അവളിലൂടെ പട്ടു നൂല്‍ പുഴുപോല്‍ നെയ്ത് നടക്കണം; 
കുഞ്ഞു കാലുകളെ നടനമാടിക്കണം, 
ചിലപ്പോള്‍ മുക്കി കൊല്ലണം.
അജ്ഞാത ആവേഗങ്ങളിലൂടെ,
ഗറില്ലായുദ്ധം ഉരുക്കഴിക്കണം.

പ്രപഞ്ചമെന്നറിവാകുന്നു മണ്‍സൂണ്‍;
പേറ്റു നോവോടടുത്ത മണ്ണിന്റെ,
കരച്ചിലാകുന്നു കാല വര്‍ഷം . .
വിത്ത്‌ മുളപ്പിക്കുകയും,
വന്‍ വൃക്ഷത്തെ വീഴ്ത്തുകയും ചെയ്യുന്ന-
സമയ ബന്ധിതമായ ഒരു ഓപ്പറ.

വാക്കില്‍ വിതക്കുന്ന വിത്തെന്ന പോലെ ,
വാദ്യം വാദകനെ മിന്നലായി എരിക്കാം.

ഇതൊന്നുമല്ല.......
കറുത്ത മേഘ പാളികളെ-,
ചിന്താ നിബദ്ധമാക്കുന്നത്;
സര്‍വ്വം വിഴുങ്ങി കൊണ്ടിരിക്കും-
കാറ്റിനും കോളിനുമിടയില്‍-
നിന്നുടല്‍ മാത്രം ഉണങ്ങി വരണ്ടതെങ്ങിനെയെന്നാണ്..

വര്‍ണ്ണത്താല്‍ വാതിലൊരുക്കിയാലും
മറവിലെ  വിളക്ക്  സത്യമാണ്..
വീശിയടിക്കുന്ന വരുണാരവത്തിലും,
കുട വിഡ്ഢിക്കൊരു അലങ്കാരമാണ്.

നിന്നിലെ തോരണങ്ങള്‍..
രോഗഗ്രസ്തമായ ഒരംഗം.

അറുത്തുമാറ്റിയിട്ടും വേര്‍പ്പെടാത്തതാണ്, 

ഉടയാടകളെങ്കില്‍ നീ ചാപിള്ള..
പൂഴി തെറുത്തു പാതയൊരുക്കിയ കാറ്റിനും,
കനവു കരിച്ചു വെളിച്ചമൊരുക്കിയ വെയിലിനും,

നെഞ്ഞു മലച്ചു നീരോഴുക്കിയും,
ഇരുളാകാതെ ഇരുള്‍ കൊയ്യുന്നോരാരണ്യ കാണ്ഡത്തിനും,

കൂട് വിട്ടു കൂട് മാറും ആഴി ബോധങ്ങള്‍ക്കും,
വിലാപമൊഴുക്കിയ പാദുകങ്ങളുടെ നാവ് നീ.

അതിര്‍ത്തി മറന്ന ദേശാടകന്‍, 
പാട്ട് തുടര്‍ന്നു ....
ഭൂവല്‍ക്കത്തോളം നഗ്നനാവുക.
ആകാശ ഗംഗയോളം അലയുക 

കുടയെന്നത് അഹങ്കാരവും,
വസ്ത്രമെന്നത് സ്വാര്‍ത്ഥതയും,
പാദുകമെന്നത് ധാഷ്ട്യവുമാകുന്നു..