ഞണ്ട് ...



ഈണങ്ങള്‍ ഇടയ്ക്കു 
മുറിഞ്ഞു പോവുന്നു.

കവിതകള്‍ വിലാപങ്ങളല്ലാതാവുന്നു.

ഹൃദയ മിടിപ്പ് കയര്‍ക്കുന്നു.

പാദങ്ങള്‍ മണ്‍ തരികളെ ഭയക്കുന്നു.

ആലിംഗനങ്ങള്‍ നിര്‍വ്വികാരമാകുന്നു.
ഈയിടെ ഞാനൊരു മറവിയായി മാറുന്നു

ഒരു ഞണ്ടിന്റെ പിടിയിലാണ് ഞാന്‍
ക്ഷണിക്കപെടാത്ത വറുതി പോലെ -
അകാലത്തില്‍ കനവുകള്‍ക്കു മുകളില്‍,
നഖങ്ങള്‍ തുളച്ചു നടക്കും ഒരു ജീവി.

വിഴുങ്ങുന്നതിനു മുന്പ് ,
ലോകത്തിന്റെ അവസാന കോണിലേക്ക്-
ഇരച്ചു വളരേണ്ടതുണ്ട് .

പരുപരുത്ത മുരടന്‍ വിരലുകള്‍,
ഉണങ്ങിയ വയറ്റിലെ കരിഞ്ഞ കതകുകള്‍-
തള്ളി തുറക്കുമ്പോള്‍ 
ഏതോ നിശബ്ദ്ധ നിശയില്‍
ശരീരമില്ലാത്ത നഗ്നതയാവുന്നു.

പ്രപഞ്ചത്തോളം വീരഗാഥകള്‍.
നിനക്കായ് ഒരു ശാസ്ത്രം
കട്ടികൂടിയ ചട്ടകള്‍ക്കിടയില്‍ 
അപദാനങ്ങള്‍..

പിറവിയോളം പഴക്കമുള്ള കടല്‍.
വില്‍പ്പനക്ക്  വെച്ച മധുരാലയങ്ങളിലെ,
വിഷ ചഷകമാകുന്നു നീയെന്ന ഗാനം. 

വിളമ്പിയവരറിയുന്നോ,
വിശപ്പടക്കിയത് നീയെന്ന്.
ശ്വാസ കണികകള്‍ക്ക്  മേലേ നീ
അത്രയൊന്നുമില്ലാത്ത വ്യാധികള്‍
നിന്നില്‍ ചാര്‍ത്തപ്പെട്ടത്‌...
കുടിയേറിയതാണ് ഈ ഞണ്ട്

അല്ലെങ്കില്‍ തന്നെ

വിത്ത്‌ മുളക്കുന്നതും,
മരം മണ്ണിനോട് ചേരുന്നതും
അതിന്റെ നിഴലിനോടോപ്പമാണ്. 

ഓരോ നിമിഷവും പാദുകങ്ങള്‍
കുഴച്ചെടുത്ത ശബദ്ധങ്ങള്‍ പിന്തുടരുന്നുണ്ട്.
ആസക്തിയുടെ കഫം വമിക്കും
ശ്വാസ അറകള്‍ അലറി പറയുന്നുണ്ട്.
ആരാണ് തടവിലാക്കിയത്;
ആരൊക്കെയാണ് ശിക്ഷ വിധിച്ചത്.
എന്തായിരുന്നു കുറ്റം,
എപ്പോഴാണ് ഒറ്റികൊടുക്കപെട്ടത്‌? 

ഒരു കുറ്റ പത്രം പോലുമില്ലാതെ,
ഇരപോലുമില്ലാതെ ,
പക്ഷം ചേരാന്‍ ആരുമില്ലാതെ,
പേരിനു നിയമ സംഹിത പോലുമില്ലാതെ,
ആരാച്ചാരെ ഒരുക്കിയത് ആരാണ് ..,

അജ്ഞാതമായ തടവറയില്‍ തന്നെ,
തൂക്കുമരവും ഒരുക്കിയ നിഴലാണ്-
യഥാര്‍ത്ഥ പ്രതിയെയെങ്കിലും,,
ചരിത്രാത്മക ചിന്തകള്‍ തിളപ്പിക്കുന്നത്-
മറ്റൊരു ചോദ്യമാണ്.
ലോകത്ത് ഇനിയും എത്ര ഞണ്ടുകള്‍,
ബാക്കി,

ഊറ്റിയിട്ടും മടുക്കാത്തവ ,
പെറ്റ് പെരുകുന്നവ,

ഉരുള്‍പൊട്ടല്‍ പോലെ 

ഒന്നിന് പിറകെ ഒന്നായി പുണര്‍ന്നവ-

എത്ര.....