ദര്‍പ്പണം

ഞാന്‍ തിരസ്കൃതന്‍
ഉരുകുന്ന അഗ്നിപര്‍വതത്തിന്റെ ഹൃദയമുള്ളവന്‍
പ്രണയത്തിന്റെ പരിച അണിഞ്ഞവന്‍
സംഗീതത്തെ ശ്വാസമാക്കിയവന്‍ ............

അരുതേ തടയരുതേ...

മുറിച്ചു മാറ്റാന്‍ മിന്നലോളം വളര്‍ന്ന 
പ്രണയമൊന്നും ഇല്ലായിരുന്നു .


തീ കൊണ്ട് മൂടാന്‍ ഇഴടുപ്പത്തില്‍ 
കൊള്ളി പകര്‍ന്നില്ല.
നെയ്തെടുക്കാന്‍ വിരല്‍ ചൂണ്ടിയില്ല.

വേഴ്ച്ചക്കായ് ചോര പോലും
കാല വര്‍ഷ വരള്‍ച്ചയില്‍ ഒഴുക്കിയില്ല
കുമിഞ്ഞു തീരാത്ത ദുരിത വരിശകള്‍
നിവര്‍ത്തിയില്ല. 

കാല്‍ വിരലുകളുടെ വഴിയില്‍.
അടയാളങ്ങളെ മായ്ച്ചു നദി ഇഴഞ്ഞിട്ടും
അറിഞ്ഞില്ല.

മുരള്‍ച്ചയില്ലാതെ കിതച്ചു വളര്‍ന്ന കാടു ഞാന്‍... 
ഓരോ പൊത്തിലും ഓരോ കിളിക്കും,
കൂടൊരുക്കിയ മരം.
ഓരോ വേരിനും ഓരോ ഗാനങ്ങളുടെ ചരിത്രം.

സ്തനങ്ങളില്‍ സര്‍പ്പം 
ഇഴഞ്ഞു നടക്കുന്നത്,
സമുദ്രങ്ങള്‍ പര്‍വ്വതങ്ങളിലെ- 
നീരോഴുക്കിനെ തേടുന്നത്,
നിഴല്‍ സൂര്യനില്‍ മരിക്കുന്നത്,
കാറ്റ് വിത്തിനോട് പറയുന്നത്,
മഴ വിയര്‍പ്പിനെ കേള്‍ക്കുന്നത്,

നീ വരച്ചെടുത്ത 
വൃത്തത്തിനുള്ളിലെ നിശ്വാസം.
കുത്തിയിറക്കിയ എല്ലിന്‍ കൂട്...
ഇനിയും ചീഞ്ഞു തീരാത്ത ജഡകുഴി..

പെണ്‍ ശ്വാസങ്ങളില്‍,
അജ്ഞാതമായ മാതൃത്ത്വം കാണുന്നു.,
പൊക്കിളില്‍ നിന്നും കുഞ്ഞു ഒലിച്ചിറങ്ങിയത്‌ പോലെ,

എവിടെ....
എനിക്കായ് എഴുതപെട്ട കടല്‍,
ഇറക്കി വിട്ട വാതായനങ്ങള്‍,
വില്പനയാല്‍ ഭോഗിച്ച-
ലോകത്തിന്റെ താക്കോല്‍ കൂട്ടം,

രാവില്‍ ഒട്ടി ചേര്‍ന്ന മാംസ ശിലകള്‍,
ഋതുവിലും ചുംബനം കിളിര്‍ക്കുന്ന-
കാറ്റിന്റെ കടന്നല്‍ കൂട്,
മൂളിയുറക്കുന്ന കൈവിരലുകള്‍,
നിലാവില്‍ ശൂന്യതയെ പ്രസവിച്ചു 
മടുക്കാത്ത കൊടുംങ്കാറ്റ്.

ചോദിക്കട്ടെ..
വഴിയിലെ വിരിയാത്ത പൂവിനെ-
അറുത്തു എറിഞ്ഞവരോട്,
പിറന്നിട്ടില്ലാത്ത സ്വപ്നത്തെ,
ചാപ്പിള്ളയെന്നു വിധിച്ചവരോട്..

കുഞ്ഞു അലഞ്ഞുകൊണ്ടേയിരിക്കുന്നു..
അറിയാത്ത,,
കേട്ടിട്ടില്ലാത്ത,നിലക്കാത്ത,
ഉഷണ വാതങ്ങളെ ചുമക്കുന്ന,
മുല കണ്ണുകളെ തേടി..

അരുതേ തടയരുതേ ,
വിഴുങ്ങാന്‍ ഇടവഴിയെങ്കിലും,
പുഴയ്ക്കു വേണം .....

3 comments:

" salabham " said...

ഇഷ്ടം

saji muthootikara said...

ഉഷ്ണവാതന്ങളെ ചുമക്കുന്ന മുലകണ്ണുകള്‍ തേടുന്ന കുന്ഞു പുഴ ഇടവഴി വിഴുന്ങാതെ ആര്‍ത്തിരംബുന്ന കടലായി മാറൂ അലിന്ഞു ചേരാന്‍ കാത്തിരിക്കുന്നു ലോകം മുഴുവനായ്

ajith said...

കൊള്ളാം!