കിടക്കാനിടം തന്ന ഹിജഡയുടെ നെഞ്ചില്‍
ചുറ്റിക വീഴുന്ന ശബ്ദ്ധമാണ് ഓണം .
പോസ്റ്മോര്ട്ടം മുറിയുടെ വരാന്തകളില്‍
അവളുടെ നെഞ്ചില്‍ വീഴുന്ന ഓരോ ഇടിയും
ചുവന്ന പൂക്കളമൊരുക്കി..
കാളി ഘട്ടിലെ ബീദിയോനില്‍ ,
അവളിലേക്ക് കത്തിയിറക്കപെട്ടതിനു,
കാരണം ഹിജഡയല്ലാത്ത ഒരാള്‍..
അവള്‍ക്കു വേണ്ടി സാരി അണിഞ്ഞതും,
പൊട്ടു കുത്തിയതും എനിക്കാഘോഷം,
.
കാമുകിയോടു കേണു ഉറങ്ങാനിടം,
" നാളെ ഉച്ചയൂണിനു വരിക".. അവള്‍
കാമമൊഴുക്കിയവള്‍ക്കും..
റൊട്ടിയും കനവും നീട്ടിയ.
ഹിജഡക്കുമിടയിലായിരുന്നു ഞാന്‍ എന്നും .
അകത്തു വെട്ടിയിട്ടും മുറിയാത്ത ഹൃദയത്തോട്,
പ്രണയത്തിലായ നിമിഷം വെന്തു മറിയുന്നു ..
മധുരി ദീദിയുടെ വ്യഭിചാര ശാലയില്‍ ,
തബല വായനക്കാരന്‍., .
പലരും പ്രാപിച്ചതിന്റെ നോവാല്‍,
നേപ്പാളി പെണ്‍കുട്ടി വിളമ്പിയ ചോറ് .
സ്വാതന്ത്ര്യ ദിനാഘോഷം എച്ചിലാക്കിയ അലങ്കാരങ്ങള്‍ ,
വിലയേറിയ സുന്ദരി കോയലിന്റെ മുറിക്കു ചുമര്‍, .
പുലരുവോളം ,
ഞെരമ്പുകള്‍ പിണഞ്ഞു തീരുമ്പോഴാണ്, ..
ഓണമാവുന്നത് ...
കൈനിറയെ പണം തന്നു എന്നെ മകനാക്കിയ ദീദി ,
വറ്റാത്ത കാമത്താല്‍ മുത്തമൊഴുക്കിയ കോയല്‍ ,
എന്നെ പൊള്ളുന്ന പനീയില്‍-
നെഞ്ചോടു ഇറുക്കിയ ഹിജഡയമ്മൂമ,
ഉണങ്ങിയ വിരലാല്‍ വിളര്‍ത്ത ചുണ്ടിലേക്ക്-
വെള്ളമിറ്റിച്ച സന്താളി പെണ്‍കുട്ടി.
വെളുക്കുവോളമാടിയിട്ടും ഉരുപ്പടിയാക്കപെടാത്തതില്,
ജീവനൊടുക്കിയ സീത ലക്ഷ്മി.,
കൈത്തണ്ട ഉറങ്ങുവോളം,
എന്നെ അമ്മാനമാടിയ പോലിസ്കാരന്‍.
അറ്റമില്ലാത്ത ദേശീയ കലക്ക്,
ഹരിശ്രീയെഴുതിച്ച പിംബുകളുടെ ഗുരു തപന്‍ദ...
കിടപ്പറ വിട്ടിറങ്ങുമ്പോള്‍ സമ്മാനമായി കസവ് മുണ്ട്, .
ഹിജഡയുടെ ശവത്തില്‍ പൊതിഞ്ഞതാണാഘോഷം..
ചത്തവളോടൊപ്പം ,
തോള്‍ ചേര്‍ത്തു നടന്നപ്പോളാണ്.
ഞങ്ങള്‍ ഒന്നായി പിറന്നത് ..
മാലോകരെല്ലാം ഒന്ന് പോലെയെന്നും ,
കോയലിനെ തേടുന്നവരല്ലാം മാവേലിയെന്നും...
വയര്‍ പുകഞ്ഞ നേരത്തറിഞ്ഞത് .
ആരെയോ ആരോക്കെയോ
രാത്രിയും പകലുമില്ലാതെ,
അത്തവും ചിങ്ങവുമില്ലാതെ ,
പൂക്കളവും പൂമ്പാറ്റയുമില്ലാതെ ,
ഉപ്പേരിയും പ്രദമനുമില്ലാതെ,
വള്ളംകളിയും വഞ്ചിപാട്ടുമില്ലാതെ ,
മിഴിയണച്ചു ഇരുളില്‍ ഇഴഞ്ഞു നീങ്ങുമീ തെരുവ് ,
ഓണ തെരുവാണ് എന്നതും ഒരു ഓണമായിരുന്നു .
കാരണം
വരുന്നവര്‍ക്കെല്ലാം കോയലായിരുന്നു ഓണം ...