..എപ്പോഴെങ്കിലും ആത്‌മഹത്യ ചെയ്തേക്കാവുന്ന കാമുകിക്ക്....


എന്റെ മനസ്സില്‍ മുളച്ചോരീ മുറിവേറ്റ ചുംബനം,
നിന്റെ പരിഭവ പകലിന്നു മഴയായ് മാറിയോ,,

നിന്നില്‍ നിറക്കുവാന്‍ തീര്‍ത്തൊരീ നൊമ്പരം
രാഗമായ്‌ രാത്രി തന്‍പാതിയിലോഴുക്കി ഞാന്‍....


ഏകയായ് അന്ന് നീ മിഴിനീര്‍ കുടിച്ചിട്ട്,
മൂകനാം എന്നുടെ മൊഴിയില്‍ മയങ്ങിയോ..


വിജനമാം പാതയില്‍ നമ്മെ തനിച്ചാക്കും.
വിധിയെ വിലങ്ങിടാന്‍ നാം മറന്നേക്കുമോ..

അലസമാം മനസിന്റെ നടനമാണെങ്കിലും,
അതിലുള്ള സത്യത്തെ ഓര്‍ക്കാതിരിക്കുമോ....


മരണം തിളക്കും കഠാരക്ക് മുന്നിലും,
മധുരമായ് നീ അന്ന് കാമിച്ചിരുന്നുവോ..

ഇരയെ പിടിക്കുവാന്‍ ഉഴറുന്ന കഴുകന്
ഇണയായി മാറുവാന്‍ ഈ വിധം മാല്യമോ?

നരകത്തിലിന്നു നീ നാരിയായ് വാഴുവാന്‍
നിറയെ കൊടും നോവ്‌ കൂട്ടി വച്ചീടണോ..

അവസാനമായി പിറന്നതാണെകിലും,
അതിനുള്ളില്‍ ആധിയും കൂടിക്കലര്‍ന്നുവോ..

ചുറ്റും ചിരിക്കുന്ന കണ്ണുകള്‍‍ക്ക് ഇടയിലും ,
ചാവാത്ത ചങ്കിന്റെ സാന്ത്വനം കേള്‍ക്കുമോ...

തോരാത്ത തിരകളില്‍ നിന്നെ തള്ളി കൊണ്ട്,
തിരികെനടക്കുവാന്‍ ആവതില്ല എന്‍ പ്രിയേ.

തകരേണ്ട മൂല്യത്തിന്‍ അധികാര ഗര്‍വ്വിന്റെ,
തായ് വേരറുക്കുവാന്‍ ഒന്നായിരിക്ക നാം.....