തിബുവിന്റെ തീരങ്ങളില്‍ ഇപ്പോഴും മഞ്ഞ് ഉരുകുന്നു,
കരിയുന്ന മാംസം മണക്കുന്ന കലിംഗ പോലെ....
മംഗോളിയന്‍ സൌന്ദര്യത്തിന്‍ നടുകടലിന്‍ ആഴങ്ങളില്‍ പിറന്ന നെടുവീര്‍പ്പുകളില്‍,
കൊടും ഹിമവാതം തീര്‍ത്ത മുടിയിഴകളില്‍,
ഞാന്‍ എന്നേ മരിച്ചു പോയിരിക്കുന്നു...
തണുത്തു ഉറഞ്ഞ കഫയറിലെ പ്രഭാതങ്ങള്‍
നിന്റെ കൃഷ്ണ മണികള്‍ക്ക് പിറകിലെ,
വെളുത്ത കാഞ്ജന്‍ മലനിരകള്‍ .
പാറോവിലെ ആപ്പിള്‍ തോട്ടങ്ങള്‍ക്ക് ,
ചുവന്ന കിനാവുകളുടെ ഗന്ധം.
നിന്റെ ഡ്രം യെന്‍ ഉയര്‍ത്തുന്ന രാഗങ്ങള്‍ക്ക് ,
താഴ്വരയില്‍ വലിച്ചെറിയപ്പെട്ട,
കബന്ധങ്ങളുടെ ഞെരക്കങ്ങളുടെ മാധുര്യം...
കോപ്പായിലെ കരച്ചിലുകളില്‍,
നിലച്ചു പോയ ഹൃദയവും തുറന്ന്,
ഞാന്‍ അറിയുന്നു...
ഷി ഹ്വങ്ങ്ത്തിയുടെ കൂറ്റന്‍ ചുമരുകള്‍ക്ക് പുറത്ത്,
ഗുല്‍ട്രമിനുകളാല്‍ വിലക്കെടുത്ത പ്രണയം.
പുന്ഷലിങിന്റെ അരികുകളില്‍,
ഡോറജിമാരുടെ വിരലുകളില്‍ നിന്ന് -
തെന്നിമാറിയ കരള്‍ വേവുന്ന ജൊങ്ക ലിപികള്‍,
രാജകിങ്കരന്മാരുടെ ബലിഷ്ടമായ കരങ്ങള്‍-
നിന്റെ മക്കളുടെ കണ്ണുകളുടെ താക്കോല്‍,
കടുത്ത ശീതത്തില്‍ മരവിച്ചുപോയ-
അപ്പാങ്ങ് തെരുവുകളില്‍ തള്ളവിരലുകള്‍ കൊണ്ടൊരു പുഴ....
കൈ നിറയെ പണവുമായി-
ജയ് ഗോണ്‍മാരും, ധാക്കന്‍ മാരും-
നിന്റെ പെണ്മക്കള്‍ക്കു വില പേശി കൊണ്ടേയിരിക്കുന്നു...
ഒരിക്കല്‍ കലിംപ്പോങിലെ ഓറഞ്ചു തോട്ടങ്ങളില്‍ നിന്ന് ഉയര്‍ന്നത് ,
പിതൃത്ത്വം അറിയാത്ത കുട്ടികരച്ചിലുകള്‍,
ഒരിക്കല്‍ സനാമിന്റെ ഗീതകങ്ങള്‍ കേട്ട്-
കടിഞ്ഞാണുകള്‍ മുറിച്ചത് -
മരിജ്വാനയുടെ ധൂമ ലോകത്തില്‍ നിന്നോ,
അതോ നാടന്‍ ഗെപ്പയുടെ നിശബ്ത മയക്കത്തില്‍ നിന്നോ....
ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു..
പുക്കലോങ്ങിലെ കൊടുംകാടുകളില്‍-
ജീവിതം വലിച്ചെറിഞ്ഞ ബുദ്ധ സന്യാസിമാരുടെ അലമുറകള്‍ ,
ലാമ വിഹാരങ്ങളില്‍ കുരുക്കുകള്‍ കവിഞ്ഞൊഴുകുന്ന-
കുഞ്ഞുങ്ങളുടെ കണ്ണീര്‍ചാലുകള്‍,
തിര്‍പ്പന്‍ മലനിരകളില്‍ നിന്ന് നിലവിളിപോലെ,
തെരുവിലെ കല്ലറകള്‍ തുറക്കുന്ന റിച്ചന്റെ കവിതകള്‍..
മെല്ലിച്ച കൈത്തണ്ടകള്‍ വലിച്ചു മുറുക്കിയ,
നൈലോണ്‍ ചരടുകള്‍ക്കിടയില്‍-
നിന്റെ വേണ്ടപെട്ടവര്‍ അലഞ്ഞു കൊണ്ടേയിരിക്കുന്നു...
ഹിമവാന്റെ നെഞ്ചില്‍ മയങ്ങുന്ന സുന്ദരീ...
നിന്റെ കവിളിലൂടെ ഒഴുകുന്നത് കണീര്...
ഇപ്പോഴും തിബുവിലൂടെ തന്നെ....
എന്നിട്ടും മഞ്ഞ് ഉരുകികൊണ്ടെയിരിക്കുന്നു....
എന്നിട്ടും അവരെത്തുന്നില്ല....
വാര്‍ത്തകള്‍ ഒന്നുമില്ല.......
കുറിപ്പുകള്‍........
ഷി ഹ്വങ്ങ്ത്തി .... ചൈനയിലെ വന്‍ മതില്‍ നിര്‍മ്മിച്ച ആള്‍ ഇതിനു പുറത്താണ് ഭൂട്ടാന്‍
ഗുല്‍ട്രമിന് ....ഭൂട്ടാനിലെ നാണയം
പുന്ഷലിങ്ങു... ഭാരതത്തെയും ഭൂട്ടനേയും വേര്‍ത്തിരിക്കുന്ന ഭൂട്ടാന്‍ അതിര്‍ത്തി
ഡോറജി ...ഭൂട്ടാനിലെ ഭരണം കയ്യാളുന്ന രാജവംശം
ജൊങ്ക ... ഭൂട്ടാനിലെ ഭാഷ
ജയ് ഗോണ് .... ഭാരത അതിര്‍ത്തി