ഇരുളില്‍ തിളക്കും തലച്ചോറിനുള്ളില്‍ ഞാന്‍
ഒരു സ്വപ്നമെങ്കിലും ബാക്കിയാക്കാം
ഒട്ടേറെ ബോധക്ഷയങ്ങള്‍ക്കുമിടയിലും
ഒരു നിമിഷമെങ്കിലും മാറ്റി വെക്കാം
എവിടെയോ എപ്പഴോ തലതല്ലി കരയുന്ന
ആഴിക്കുമുകളിലൂടെ കുതിക്കാം
അലറുന്ന ചുഴലിയായ് പേമാരിയായി ഞാന്‍
നിന്‍ നെഞ്ചിലേക്കെപ്പൊഴും പെയ്തിറങ്ങാം
കരള്‍ വേവും കണ്ണിരായ് ഒരു നുള്ള് പ്രണയമായ്
മരണത്തിനകലേക്ക് യാത്രയാവാം
കൂത്തിന്നു മധ്യത്തില്‍ കൈ തട്ടി വീണൊരു
തിരശീലയെ പറ്റി ഓര്‍ത്തിരിക്കാം
ഭ്രാന്തനാം അഗ്നിയായ് ആ നാടകത്തിന്റെ
അന്ത്യം വരേയ്ക്കും ഞാന്‍ കാത്തിരിക്കാം.
ആ നാടകത്തിന്റെ സംഗീതശില്‍പ്പി ഞാന്‍
ആ നാടകത്തിലെ അഭിനേത്രി നീ.....
വിറയുന്ന വിരലുകള്‍ കൊണ്ട് ഞാന്‍ അന്നൊക്കെ
ഒരു താളവട്ടം തികച്ചിരുന്നു
പാളുന്ന പന്തമായ് പടരുന്ന ബോധമായ്
എവിടെയോ അന്നൊക്കലഞ്ഞിരുന്നു
നെഞ്ഞത്ത് കൈവച്ചു മരവിച്ചു നിന്നു നീ
ഇടിമുഴക്കം മുഴുവനേറ്റു വാങ്ങി,
അണപൊട്ടിയൊഴുകുന്ന ഉറവയായി ഹൃദയം
എപ്പഴോ എന്നോ മിടിച്ചിരുന്നു ..
അവസാനമല്ലാം തകര്‍ന്നിട്ടു പോകുമ്പോള്‍
നിറമറ്റ കാഴ്ച്ചകള്‍ പിരിയുന്ന പാതകള്‍
ഒരു നൊമ്പരം മാത്രം തന്നതെന്തേ
പതിവായി പിറകില്‍ പരക്കുന്ന നിഴല്ലായി
പാപം നിനക്കാതെ പിന്‍ നടക്കാം
നാവറ്റു പോയൊരീ നാട്യഗൃഹത്തില്‍
കണീരിന്‍ നാട്യം കുടിച്ചുറങ്ങും
നാല് ചുവരുകള്‍ക്ക് ഉള്ളിലാണാദ്യവും അന്ത്യവും...
അതിനുള്ളിലാണെന്റെ സംഗീതവും....
ഓര്‍ക്കാ പുറത്തുനിന്നു ഒരു ഞെട്ടലോടെന്നെ
തൊട്ടു ഉണര്‍ത്തീടുന്നത് എന്തിന്നാവോ
വറ്റി വരണ്ടു പോയ് എന്നിലെ പ്രണയ നദി
ഇറ്റു കണീര് കൊണ്ടെങ്കിലും നീ നനക്കൂ...
ഓര്‍ത്തോര്‍ത്തു കരയുവാന്‍ ചുംബനം തന്നു നീ
പാതി വഴി ഉണ്ണുന്ന പാഥേയമായു ,,,,,
തെളിയാത്ത പകലും ഇരുളാത്ത രാവും
ഒരു ജന്മം അങ്ങിനെ തുലഞ്ഞു പോട്ടെ .....