Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

പൂക്കാത്ത മരമാണ് ഞാന്‍ ....


അഗ്നിപര്‍വ്വതങ്ങള്‍ കൂടൊരുക്കിയ തായ് ശിഖരം
ഗന്ധക കാടുകള്‍ പ്രസവിച്ച നിലവിളി.
പിതാമഹന്മാര്‍ വിയര്‍ത്ത കടല്‍ .
രാത്രികള്‍ ഒഴുകിയ നീര്‍ പാതകള്‍
മഴ കൊണ്ട് കൂടോരുക്കിയും
നിലാവിനെ ഉപ്പു കാറ്റാല്‍ ഇണ ചേര്‍ത്തും
മരുഭൂവിനെ കണ്ണീരാല്‍ കുതര്‍ത്തിയെടുത്തും
വന്‍ വൃക്ഷങ്ങളെ ചിറകില്‍ ഒളിപ്പിച്ചും
പ്രണയം കരകവിഞ്ഞോഴുകുന്നു..
മുലയില്‍നിന്നു ഊര്‍ന്നു വിഴാതെ
കുഞ്ഞിനോടെന്ന പോലെ
ഗ്രീഷ്മം വെയിലിന്റെ ജഡയില്‍ എന്നെ മറക്കുന്നു....
വിയോഗം വേരിനെ പിഴുതെറിയുന്നു
വസന്തം അലസതയെ പെറ്റ് കൂട്ടുന്നു.
മരണത്തില്‍ ഒരു പൂ ഇറുക്കപെടുന്നു
പിറവിയില്‍ ഒരായിരവും
പക്ഷെ പൂക്കാത്ത മരമാണ് ഞാന്‍
അടുക്കന്തോരും അകലുന്ന
നിഴലിനെ പ്രാപിക്കാനാഞ്ഞവന്‍,,

പലതരം കാൻവാസുകൾ....




പലായന മൊഴുക്കിയ കാൻവാസുകൾ
വസന്തത്തെ വരച്ചെടുക്കുന്നു.
ഇന്നലെ പുകഞ്ഞു തീർന്ന
നിറങ്ങളുടെ തലയോട്ടിയിൽ
പ്രണയത്തിന്റെ ചരിത്രം കുളിച്ചു കയറുന്നു.

 ഓർമകളുടെ നിലവറകൾ
വർത്തമാനത്തിന്റെ റാന്തലിനോട് വഴി ചോദിക്കുന്നു.
ഉടുത്താലുമുറക്കാത്ത ശവക്കച്ചകൾ,
 തെളിയാത്ത ലിപികളെ ആസക്തിയുടെ
പേനയിൽ നിറച്ചു വെക്കുന്നു.
അനിശ്ചിതാവസ്ഥയിൽ പഴുപ്പിച്ചെടുത്ത ഔഷധങ്ങളിൽ
നിസ്സഹായതയുടെ ഫ്രെയിമുകൾ തളിർത്തു നിൽക്കുന്നു.

മണൽ സഞ്ചാരങ്ങൾ പിറന്നത്
നിന്നിലാണെന്നും,
ജീവന്റെ മിനിയേച്ചർ
തീ കുടിച്ച നീയാണെന്നും,
കൈവെള്ളയിൽ ഞാൻ വായിച്ചെടുക്കുന്നു.

എന്നിട്ടും തിരമാലകളുറങ്ങാത്ത പിന്ടവറിലെ പത്താം നമ്പർ മുറിയിൽ,
പ്രാർത്ഥനകളുടെ കുരുക്കിൽ വീണ അപൂർണ രൂപങ്ങൾ
എന്റെ അർത്ഥമില്ലാത്ത ഈണങ്ങളോട് സംവാദത്തിനു തയ്യാറെടുക്കുന്നു.

 ഒടുവിൽ
ചിതലെടുത്ത നീയും കാലം പിഴച്ച ഞാനും,
നമ്മുടെ ചിത്രങ്ങളുടെ അതിർത്തികളെ പിന്നിലാക്കുന്നു.

ഞാനും നീയുമല്ല...

ഒരേ രേഖയിലൂടൊരുവൾ 
നടക്കാനിറങ്ങുന്നു.
ഓരോ ചുവടിലും, 
അവൾ അക്ഷാംശങ്ങളെ, 
മായ്ചു കളയുന്നു.

നീരൊഴുക്കുകൾ  രാത്രികളെ  വരയ്ച്ചുതുടങ്ങുന്നു 
അവൾ സൂര്യന്റെ ചിറകുകളോട്‌,
കവിതകളെ  ചേർത്തു തുന്നുന്നു.

അടഞ്ഞ വാതിലിനെ തുടലിട്ടൊരു നായ്‌
നക്കിയെടുക്കുമ്പൊൾ
പ്രപഞ്ചത്തിന്റെ നടപ്പാതയിൽ മൗനത്തെ, 
അവൾ മുളപ്പിച്ചെടുക്കുന്നു...

കാട്ടുമരാളങ്ങൾ കുടിച്ചു തീർത്ത, 
മഴപാതകൾ 'നീ' എന്നു ഞാൻ .

വിശപ്പ്‌ തുളച്ച തൊണ്ടയിലെ, 
പിറക്കാത്ത ഈണം ഞാനെന്നു നീ..

അങ്ങിനെ നീയും ഞാനും, 
വഴിയിറങ്ങി, വെയിലിറങ്ങി,
കാടിറങ്ങി, കടലിറങ്ങി, 
കനവിറങ്ങി കണ്ണീരിറങ്ങി,
കയർത്തു, വിയർത്ത്‌, 
മുന്നേറി, പിന്നേറി......

അതും ഇതുമല്ല, അവനും ഇവളുമല്ല...
'ഞാൻ' മാത്രമെന്ന്...
കൊബൊടിഞ്ഞു, 
കൂടു പിളർന്നു,
താഴെ തളർന്ന്  ...
മൃതപ്രായയായ ഒരു അടയ്ക്ക്കാ കുരുവി.....

ആത്മഹത്യ കുറിപ്പല്ല..

പിറകില്‍ പാതകള്‍ മാഞ്ഞു, 
മുന്നില്‍ ഒരു കാട് പിറക്കുന്നു. 
ഞാനൊരു മരമായി മാറുന്നു 
മൂത്ത കൊമ്പില്‍ തണല്‍ആയി
കയറൊരുങ്ങുന്നു.

അങ്ങിനെ
ഇലകളും പക്ഷികളും  ഞാനും
ഏകകമാകുന്നിടത്തു
ശ്വാസമൊരുഅശ്ലീലമാകുന്നു. ഈ ഞാരിലൂടെ വലിഞ്ഞു കയറണം 
വ്യസനങ്ങൾ വിഴുങ്ങിയ വിത്തിലേക്ക്.

അല്ല ഇതെന്റെ ആത്മഹത്യ കുറിപ്പല്ല..
ഞാൻ തന്നെയാണ് കാറ്റും മഴയും- 
എന്ന ചീകി ഒതുക്കല്ലാണ്...